പിഞ്ചുകുഞ്ഞുമായി കാറില്‍ എംഡിഎംഎ കടത്തി; ദമ്പതികള്‍ അറസ്റ്റില്‍

  • 26/11/2022

കോഴിക്കോട്: മയക്കുമരുന്ന് കടത്തിനിടെ ദമ്പതികള്‍ അറസ്റ്റില്‍. കുപ്രസിദ്ധ കുറ്റവാളിയും കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ കാസര്‍കോട് പള്ളത്ത് സ്വദേശി  ടി എച്ച് റിയാസാണ് ഭാര്യയ്ക്കും പിഞ്ചുകുഞ്ഞിനുമൊപ്പം കാറില്‍‌ യാത്ര ചെയ്യുന്നതിനിടെ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. 

ഇയാളുടെ ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയും പിടിയിലായി. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് ഇവരുടെ വാഹനത്തിന് കൈ കാണിച്ചു. എന്നാല്‍ റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പോലീസ് പിടികൂടി. കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്.
 

Related News