വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തി കൊലപ്പെടുത്തി; അയൽവാസി പിടിയില്‍

  • 26/11/2022

ഇടുക്കി: ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയില്‍ വീട്ടമ്മയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി നാരകക്കാനം വെട്ടിയാങ്കൽ സജി എന്ന് വിളിക്കുന്ന തോമസ് വർഗീസ് ആണ് പിടിയിലായത്. ചിന്നമ്മ ആന്റണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

ചിന്നമ്മയെ പൂർണമായും കത്തി കരിഞ്ഞ നിലയിൽ അടുക്കളയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിൽ പോയിരുന്ന കൊച്ചു മകൾ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മോഷണം തടയുന്നതിനിടെയാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചത്. 

വെട്ടുകത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വെക്കുകയും ചെയ്തു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.  

ഗ്യാസ് സിലിണ്ടറിലെ തീ പടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീട്ടില്‍ നിന്നും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക സാധ്യത പോലീസ് സംശയിച്ചു. പിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്ന്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

Related News