നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാപ്സ്യൂളുകളാക്കി കടത്താന്‍ ശ്രമിച്ചത് രണ്ടര കോടിയിലേറെ രൂപയുടെ സ്വർണം

  • 26/11/2022

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ആഭ്യന്തര യാത്രക്കാരെ  കസ്റ്റംസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, ഭരകത്തുള്ള എന്നിവരാണ് പിടിയിലായത്.  രണ്ടര കോടിയിലേറെ രൂപയുടെ സ്വർണമാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്.

വ്യാജ പേരിൽ ടിക്കറ്റെടുത്ത് വന്നിറങ്ങിയ ഇവരെ കർശന നിരീക്ഷണത്തെ തുടർന്ന് പിടികൂടുകയായിരുന്നു. മുംബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവരെത്തിയത്. ഇരുവരുടെയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. 

ആദ്യ ചോദ്യം ചെയ്യലിൽ മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ശ്രീലങ്കൻ വംശജനാണ് ഹാൻഡ് ബാഗുകള്‍ കൈമാറിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഗൾഫിൽ നിന്നെത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്തുന്നതിനായി മുംബൈ വിമാനത്താവളത്തിലെ ചിലരുടെ സഹായത്തോടെ ഇവർ ആഭ്യന്തര യാത്രക്കാരായെത്തി ശ്രമിച്ചതാണെന്നാണ് കസ്റ്റംസ് നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്നു കസ്റ്റംസ് അറിയിച്ചു.  

Related News