സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഇടാക്കണം; നിലപാട് കടുപ്പിച്ച്‌ സര്‍ക്കാര്‍

  • 26/11/2022

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ നിലപാട് കടുപ്പിച്ച്‌ സര്‍ക്കാര്‍. സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഇടാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. അതേസമയം സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും.


വിഴിഞ്ഞം സമരം കാരണം തുറമുഖ നിര്‍മാണം തടസപ്പെട്ടതില്‍ ദിനംപ്രതി 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം നിര്‍മാണക്കമ്ബനിയായ വിസില്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ നിര്‍ദേശമാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണനയ്ക്ക് വരും. ഇടക്കാല ഉത്തരവ് നിലനില്‍ക്കെ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞതില്‍ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരും ഉറ്റുനോക്കുന്നത്. അതിന് ശേഷമാകും തുടര്‍ നീക്കങ്ങള്‍. അതിനിടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. സര്‍ക്കാരിന്റെ നിഗൂഢ നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന് അറിയിപ്പില്‍ പറയുന്നു.

Related News