ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങള്‍ താളം തെറ്റുന്നു

  • 26/11/2022

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങള്‍ താളം തെറ്റുന്നു. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്ബോള്‍ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീര്‍ത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ല.


കൊവിഡാനന്തരമുള്ള തീര്‍ത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നല്‍കിയ മുന്നറിയിപ്പ്. ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരില്‍ അന്‍പത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പന്‍ റോഡില്‍ കൂടുതല്‍ എമര്‍‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയത്. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നാല് കാര്‍ഡിയാക്ക് സെന്ററുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണയുള്ളത് രണ്ടെണ്ണം മാത്രമാണ്.

എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്ബ, സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേല്‍ക്കുന്നവരെയും മറ്റ് അസുഖങ്ങള്‍ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിടി സ്കാന്‍ സൗകര്യമോ ഐസിയു ആംബുലന്‍സോ ഇല്ല. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐസിയു ആംബുലന്‍സിലാണ്.

Related News