വിഴിഞ്ഞം സംഘർഷം: അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്ത് പൊലീസ്

  • 27/11/2022

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്ത് പൊലീസ്. ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റൊ കേസില്‍ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ആര്‍ച്ച്‌ ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.
പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല.

എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച്‌ മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related News