സൗദിയിലെ പ്രവാസികൾ പണം അയക്കുന്നതിൽ കുറവ്

  • 30/11/2022



റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ കുറവ്. ഒക്ടോബറിൽ ആകെ അയച്ചത് 1,124 കോടി റിയാല്‍ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇത് കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ്. ഈ വർഷം ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷം വിദേശികളുടെ പണം അയക്കുന്നതിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറവാണ് കഴിഞ്ഞ മാസത്തേത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള 10 മാസക്കാലത്ത് പ്രവാസികള്‍ 12,266 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി. 

കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് വിദേശികള്‍ 12,980 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.

സൗദി അറേബ്യയിൽ ഒരു കോടിയോളമാണ് വിദേശികളുടെ ജനസംഖ്യ. അതിൽ 28 ലക്ഷമാണ് ഇന്ത്യാക്കാരുടെ എണ്ണം. നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിൽ തൊഴിലെടുക്കുന്നുണ്ട്.

Related News