ഫൈനൽ കാണാൻ സൗദിയിൽ നിന്നും പ്രവാസികൾ ഖത്തറിലേക്ക് ഒഴുകുന്നു; നിർദേശങ്ങൾ മറക്കരുതെന്ന് സൗദി ജവാസാത്ത്

  • 17/12/2022

റിയാദ്: നാളെ നടക്കുന്ന അർജന്റീന, ഫ്രാൻസ് ലോകകപ്പ് ഫൈനൽ കാണാൻ സൗദിയിൽ നിന്നും മലയാളികളായ ആരാധകർ ഒഴുകുന്നു. റീ എന്‍ട്രിയടിച്ച് സല്‍വ ചെക്ക് പോയിന്റിലെത്തിയാല്‍ ഇന്ത്യക്കാര്‍ക്ക് ഇഖാമയിലെ പ്രൊഫഷനുകള്‍ക്കനുസരിച്ച് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നുണ്ട്. പലരും ഞായറാഴ്ച കമ്പനിയില്‍ നിന്നും മറ്റു ജോലി സ്ഥലങ്ങളില്‍ നിന്നും അവധിയെടുത്താണ് ഖത്തറിലേക്ക് പുറപ്പെടുന്നതെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരാതിര്‍ത്തി വഴിയായ സല്‍വ ചെക്ക് പോയിന്റ് വഴി പോകാനുദ്ദേശിക്കുന്നവര്‍ ഗ്രൂപ്പുകളായാണ് പോകുന്നത്. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ സല്‍വ ചെക്ക് പോയിന്റില്‍ യാത്രക്കാരുടെ തിരക്കാണ്. ശനിയും ഞായറും തിങ്കളും ഖത്തറില്‍ കഴിയാനാണ് പലരുടെയും തീരുമാനം. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ലോകകപ്പ് പ്രദര്‍ശനങ്ങളും ആഘോഷങ്ങളും ഖത്തര്‍ ദേശീയ ദിനാചരണവും ആസ്വദിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് പലരും ഖത്തറിലേക്ക് വരുന്നത്.

സല്‍വ അതിര്‍ത്തിയില്‍ ഒരുക്കിയ വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ കാറുകള്‍ നിര്‍ത്തി ബസുകളില്‍ ഖത്തറിലേക്ക് വരാം. ഖിദ്ദാം എന്ന ലേബലൊട്ടിച്ച നിരവധി ബസുകള്‍ ഇവിടെ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സല്‍വ അതിര്‍ത്തി കടന്ന് അബൂസംറയില്‍ വാഹനം പാര്‍ക്ക് ചെയ്തും ദോഹയിൽ എത്താം.

ഫൈനല്‍ കളി കാണാന്‍ കളിപ്രേമികള്‍ കൂടുതലെത്തുമെന്ന കാരണത്താല്‍ സല്‍വയിലെ എമിഗ്രേഷന്‍  കൗണ്ടറുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലോ ഇന്ത്യയിലോ അടുത്തൊന്നും ലോകകപ്പ് വരാന്‍ സാധ്യതയില്ലാത്തതിനാല്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനാണ് ഇന്ത്യക്കാരായ പ്രവാസികള്‍ ശ്രമിക്കുന്നത്. കളി കണ്ടില്ലെങ്കിലും ലോകകപ്പ് ഫൈനല്‍ സമയത്ത് ദോഹയില്‍ എത്തിയാല്‍ മതിയെന്ന തീരുമാനത്തില്‍ പോകുന്നവരുമുണ്ട്.

കളി കാണാന്‍ പോകുന്നവര്‍ സൗദി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് ആവശ്യമില്ലെങ്കിലും മത്സരങ്ങൾ സ്റ്റേഡിയത്തിൽ കാണാൻ ഹയാ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. സ്വകാര്യ വാഹനങ്ങളില്‍ ഖത്തറിലേക്ക് പോകുന്നവര്‍ 12 മണിക്കൂര്‍ മുമ്പേ വാഹനത്തിന് പെര്‍മിറ്റ് എടുക്കണം. 

ഖത്തര്‍ സര്‍ക്കാറിന്റെ ഇഹ്തിറാസ് സൈറ്റ് വഴിയാണ് പെര്‍മിറ്റ് എടുക്കേണ്ടത്. അബൂ സംറയില്‍ കാര്‍ പാര്‍ക്കിംഗിന് ബുക്ക് ചെയ്യുകയും വേണം. ഇതൊന്നുമില്ലെങ്കില്‍ ഖത്തറിലേക്ക് കടക്കാന്‍ അനുവദിക്കില്ല. ഏറ്റവും നല്ലത് സല്‍വ ചെക്ക് പോയിന്റില്‍ കാറുകള്‍ നിര്‍ത്തി ബസ് വഴി ദോഹയിലെത്തി തിരിച്ചുവരികയാണെന്ന് ജവാസാത്ത് പ്രസ്താവനയില്‍ അറിയിച്ചു.

Related News