സൗദി അറേബ്യയില്‍ കാലാവസ്ഥാ വ്യതിയാനം: മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

  • 20/12/2022




റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. തബൂക്ക് ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും.

സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. 

മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Related News