ഡോ. സുഹൈൽ അജാസ് ഖാനെ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ

  • 22/12/2022



റിയാദ്: ഡോ. സുഹൈൽ അജാസ് ഖാനെ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സൗദിയിലെ അംബാസഡറായി നിയമിച്ച് വ്യാഴാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. നിലവിൽ ലബനാനിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേറ്റെടുക്കും. 

ഈ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖലാ സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് പോയ ശേഷം സൗദിയിലെ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദാണ് പകരം ചുമതല നിർവഹിക്കുന്നത്. പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാന്റെ സൗദിയിലെ മൂന്നാമത്തെ ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

2017 സെപ്തംബർ മുതൽ 2019 ജൂൺ വരെയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡി.സി.എം ആയി പ്രവർത്തിച്ചത്. ഇവിടെനിന്ന് 2019 ജൂൺ 21നാണ് ലബനോൺ അംബാസഡറായി അവരോധിതനായി പോയത്. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം 1997-ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്നത്. 

1999ൽ കെയ്റോയിലെ ഇന്ത്യൻ എംബസിയിലാണ് അദ്ദേഹത്തിന്റെ വിദേശ നയതന്ത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. 2001 വരെ അവിടെ തുടർന്നു. ഇതിനിടയിൽ കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അറബി ഭാഷയിൽ ഡിപ്ലോമ നേടി. റിഫാ ജബീനാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.

Related News