66 ലക്ഷം രൂപ വിലവരുന്ന 1072 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമം; യാത്രക്കാരൻ പോലീസ് പിടിയില്‍

  • 01/06/2023

മലപ്പുറം: ഒമാനില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരൻ പോലീസ് പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച്‌ പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 66 ലക്ഷം രൂപ വിലവരുന്ന 1072 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.


ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മസ്കറ്റില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരീം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഒൻപതുമണിയോടെ പുറത്തിറങ്ങിയ കരീമിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ആശുപത്രിയിലെത്തിച്ച്‌ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളാക്കി സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കേസിലെ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ഇരുപതാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Related News