ഹൃദയാഘാതമുണ്ടായ 18കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോര്‍ത്തു; ട്രാഫിക് നിയന്ത്രിച്ച്‌ ആംബുലൻസിന് പോകാൻ വഴിയൊരുക്കി

  • 01/06/2023

കൊച്ചി: ഇടുക്കി കട്ടപ്പനയില്‍ ഹൃദയാഘാതമുണ്ടായ 18കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോര്‍ത്തു. അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കാണ് എത്തിച്ചത്. ട്രാഫിക് നിയന്ത്രിച്ച്‌ ആംബുലൻസിന് പോകാൻ വഴിയൊരുക്കി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസിനെ അനുഗമിച്ചു. കട്ടപ്പന മുതല്‍ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് നിയന്ത്രിച്ച്‌ പൊലീസ് ആംബുലൻസിന് വഴിയൊരുക്കി.


ഇന്ന് രാവിലെ കട്ടപ്പന പള്ളിയില്‍ കുര്‍ബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച്‌ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് ആൻ മരിയയുമായി ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.

കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാഞ്ഞാറില്‍ വെച്ച്‌ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നീട് വഴികളിലൊന്നും കുഴപ്പമുണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി. സാധാരണ ഗതിയില്‍ 3 മണിക്കൂറും 56 മിനിറ്റും ആവശ്യമാണ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക്. ഈ ദൂരം വളരെ വേഗം താണ്ടാൻ സംഘത്തിന് സാധിച്ചു.

Related News