കണ്ണൂരില്‍ തീപിടിത്തമുണ്ടായ ട്രെയിനില്‍ എൻ ഐ എ സംഘം പരിശോധന നടത്തി, കേസ് ഉടൻ എറ്റെടുത്തേക്കില്ലെന്നാണ് സൂചന

  • 01/06/2023

കണ്ണൂര്‍ : കണ്ണൂരില്‍ തീപിടിത്തമുണ്ടായ ട്രെയിനില്‍ എൻ ഐ എ സംഘം പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ന് കൈമാറും. കേസ് ഉടൻ എൻഐഎ എറ്റെടുത്തേക്കില്ലെന്നാണ് സൂചന.


എലത്തൂര്‍ തീവയ്പിന് പിന്നാലെ എക്സിക്യുട്ടീവ് ട്രെയിനില്‍ രണ്ടാമതും തീപിടുത്തമുണ്ടായതിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും ഏറെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. എക്സിക്യൂട്ടീവ് ട്രെയിൻ മാത്രം ലക്ഷ്യം വെച്ച്‌ നീങ്ങുന്നത് എന്തുകൊണ്ടാണ്? അതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ? ഇരുസംഭവങ്ങളും കണ്ണൂരുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ് ? എന്നതടക്കമുള്ള സംശയങ്ങളാണ് അന്വേഷണ സംഘങ്ങള്‍ക്കുള്ളത്. ഏലത്തൂര്‍ തീവയ്പ് കേസില്‍ സംസ്ഥാന പൊലീസിനപ്പുറത്തേക്ക് എൻ ഐ എയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ല. സ്വന്തം നിലയില്‍ തീകത്തിച്ചെന്നാണ് പ്രതി ഷാരൂഖ് സേഫിയുടെ മൊഴി. ആദ്യ സംഭവവും രണ്ടാമത്തെ തീവയ്പും തമ്മില്‍ പരസ്പര ബന്ധമുണ്ടോയെന്നതാണ് സംശയം.

അതേ സമയം, ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കി പൊലീസ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ ട്രെയിനിന് മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇന്നലെ ഷര്‍ട്ട് ധരിക്കാതെ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചെന്നാണ് സൂചന. എന്നാല്‍ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

Related News