കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്: ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി

  • 02/06/2023

തിരുവനന്തപുരം : കഷായത്തില്‍ വിഷം കലര്‍ത്തി കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയില്‍ വച്ച്‌ തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തില്‍ വിട്ടാല്‍ അപകടമാണെന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.


കഴിഞ്ഞ വ‍ര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച്‌ ഗ്രീഷ്മ, ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയില്‍ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തില്‍ കലര്‍ത്തിയ വിഷം നല്‍കി. ഇതിന് മുമ്ബ് ഷാരോണിൻെറ കോളജില്‍ പോയി മടങ്ങിയ വരുന്ന വഴിയും ജൂസില്‍ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നല്‍കിയിരുന്നു. അന്നും അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നല്‍കാൻ തീരുമാനിച്ചത്. മുമ്ബും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാല്‍ അനുനയത്തില്‍ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിര്‍മ്മല്‍ കുമാരൻ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നത്.

Related News