കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14000 വീടുകളിലും 30000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനം

  • 03/06/2023

തിരുവനന്തപുരം: ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കെഫോണിന്റെ ഉദ്ഘാടനം നാളെ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും  കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്നാണ് സർക്കാർ പ്രഖ്യാപനം. 

തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്‌സിലെ ആർ ശങ്കര നാരായണൻ തമ്പി  ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി കെഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. നൂറ്റിനാൽപ്പത് മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാനും അതിൽ പങ്കാളിയാകാനും ഉള്ള സൗകര്യം സർക്കാർ സജ്ജമാക്കുന്നുണ്ട്. അതേ സമയം അതിവേഗ കേബിൾ നെറ്റ്വർക്കും 5ജി സിമ്മും ഉള്ള കേരളത്തിൽ സർക്കാർ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ   ബന്ധുക്കൾക്കും ശതകോടികൾ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. എഐ ക്യാമറ പദ്ധതിയേക്കാൾ വലിയ തട്ടിപ്പാണ് ഈ പദ്ധതിയിൽ അരങ്ങേറിയത്.

2017ൽ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവർ ശതകോടികൾ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനം 14,000 ആക്കി ചുരുക്കിയിട്ടും  അതുപോലും നല്കാൻ സർക്കാരിനു കഴിയുന്നില്ല. സംസ്ഥാനമൊട്ടാകെ വ്യാപകമായ 5ജി സേവനദാതാക്കൾ സെക്കൻഡിൽ 1009 മെഗാബൈറ്റ് വേഗത നൽകുമ്പോൾ കെ ഫോൺ കാളവണ്ടിപോലെ 15 മെഗാബൈറ്റ് വേഗത മാത്രം ലഭ്യമാക്കി ഉപയോക്താക്കളെ വിഡ്ഢികളാക്കുന്നു. ആനുകാലിക പ്രസക്തിയില്ലാത്ത ഈ പദ്ധതി നടപ്പാക്കിയത് വെട്ടിപ്പിനു വേണ്ടി മാത്രമാണ്. 

എഐ ക്യാമറയിലെ എസ്ആർഐടി, പ്രസാദിയോ തുടങ്ങിയ തട്ടിപ്പുസംഘം മൊത്തത്തോടെ  കെ ഫോൺ പദ്ധതിയിലും അണിനിരന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്റെയും സൂത്രധാരൻ. അതിന്റെയും മുകളിൽ എല്ലാം നിയന്ത്രിക്കുന്ന കാരണഭൂതനുമുള്ളതുകൊണ്ടാണ് ഈ തട്ടിപ്പു പദ്ധതി യാഥാർത്ഥ്യമായതു തന്നെ. കേരളത്തെ മൊത്തത്തിൽ ഈ സംഘം പണയംവച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു.

Related News