എ ഐ ക്യാമറ നാളെ മുതൽ പിഴ ചുമത്തും

  • 04/06/2023

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ രണ്ടിലേറെ പേര്‍ക്ക് യാത്ര ചെയ്യാമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയാൻ ഇന്ന് വൈകുന്നേരം വരെ കാത്തിരിക്കണം. കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചതോടെ തീരുമാനം സംസ്ഥാന സര്‍ക്കാറിന്റേതായി. തിങ്കളാഴ്ച മുതലാണ് എഐ ക്യാമറകള്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങുക. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാൻ അനുവാദം നല്‍കണമെന്നാണ് രാജ്യസഭാംഗം എളമരം കരീം കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി. 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.


കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ഇളവ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ മറിച്ചൊരു തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകുമോ എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഇരുചക്ര വാഹനത്തില്‍ കുട്ടികളുള്‍പ്പെടെ രണ്ടുപേരില്‍ കൂടുതലായാല്‍ പിഴ ചുമത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളുള്ളവര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദ്യമുയര്‍ന്നു. തുടര്‍ന്നാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. നിയമപ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാൻ അനുമതി. സാധാരണ പൊലീസുകാര്‍ പരിശോധിച്ച സമയം കുട്ടികളുമായി യാത്ര ചെയ്യുമ്ബോള്‍ കണ്ണടയ്ക്കാറാണ് പതിവ്. എന്നാല്‍, എഐ ക്യാമറ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ വ്യത്യാസമില്ലാതെ എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

Related News