വിവാദങ്ങൾക്കിടെ കെ ഫോൺ പദ്ധതിക്ക് ഇന്ന് തുടക്കം, വൈകീട്ട് ഉദ്ഘാടനം

  • 05/06/2023

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമർപ്പിക്കും. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.

സർക്കാർ വക ഇന്റർനെറ്റ് സേവനം എന്നതിലുപരി വിപുലമായ വരുമാന മാർഗ്ഗം കൂടിയാണ് കെഫോൺ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിൽ വരെ വിപുലമായ നെറ്റ് വർക്ക്. അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റർനെറ്റ് വലയത്തിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ സേവനം. വാണിജ്യ കണക്ഷനുകൾ നൽകി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാർക്ക് കേബിളുകളും പാട്ടത്തിന് നൽകും.

സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിൽ നിന്ന് സർവീസ് ചാർജ്ജ് ഈടാക്കുക, ട്രഷറിയുൾപ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങൾക്കായി പ്രത്യേകം ഇന്റർനെറ്റ് നെറ്റ്വർക്ക് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപ്പറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോൺ മുന്നോട്ട് വയ്ക്കുന്നത്.

Related News