അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  • 07/06/2023

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷം നിലവില്‍ ദുര്‍ബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തില്‍ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ വടക്കൻ കേരളത്തിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. അറബിക്കലടിലെ തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും.

അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related News