വിമാനത്തിനുള്ളില്‍ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു

  • 08/06/2023

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പരാതിയില്‍ കഴമ്ബില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി.


കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഡോ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച്‌ നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീൻ മജീദ്, നവീൻ കുമാര്‍ എന്നിവരെയാണ് ഇ പി ജയരാജൻ കൈയേറ്റം ചെയ്തത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ ജയരാജൻ മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് കേസെടുക്കാതെ തള്ളിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വധശ്രമം, ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാ‍ര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എയര്‍ക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം ചെയ്തുവെന്ന പരാതി നിലനില്‍ക്കില്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്മേല്‍ പരാതിയുണ്ടെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാൻ പൊലീസ് പരാതിക്കാര്‍ക്ക് നോട്ടീസ് അയച്ചു. വിമാനത്തിനുള്ളില്‍ വച്ച്‌ ഇ പി ജയരാജൻ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തുകയും യാത്ര വിലക്ക് ഏ‍ര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി.

Related News