രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളം: മന്ത്രി വീണാ ജോര്‍ജ്

  • 08/06/2023

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


നിലവില്‍ സംസ്ഥാനത്ത് 70% ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍-നല്ലളം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വീണാ ജോര്‍ജ്.

സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ മാറ്റങ്ങള്‍ക്ക് വിധേയമായ കാലഘട്ടമാണ് ഈ ഏഴ് വര്‍ഷമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ അബ്ദുറഹിമാന്‍ പാര്‍ക്ക് നവീകരണത്തിന് 1കോടി 48 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൂടാതെ കുണ്ടായിത്തോട് കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്റര്‍ നവീകരിക്കുന്നതിന് പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റ് 5 കോടി 50 ലക്ഷം രൂപയുടെ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.

Related News