കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കെ എസ് യു

  • 11/06/2023

കൊച്ചി: വ്യാജരേഖാക്കേസ് പ്രതി കെ.വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണവുമായി കെ എസ് യു. ഒരിടത്ത് വിദ്യാർഥിയായും മറ്റൊരിടത്ത് അധ്യാപികയായി നിന്നിട്ടായിരുന്നു വിദ്യ എംഫിൽ നേടിയതെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ഇത് ചട്ടലംഘനമാണെന്ന് കെ‌എസ്‌യു ആരോപിച്ചു. 

2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എംഫിൽ വിദ്യാർഥിയായിരുന്ന വിദ്യ അക്കാലയളവില്‍ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വർ ആയി ജോലി ചെയ്തിരുന്നുവെന്നാണ്‌ ആരോപണം.

വ്യാജ അധ്യാപക പരിശീലന സർട്ടിഫിക്കറ്റ് നിർമിച്ചെന്ന കേസിൽ കെ.വിദ്യയുടെ കാസർകോട് തൃക്കരിപ്പൂരിലെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങള്‍ ശേഖരിച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടുത്ത ദിവസം മഹാരാജാസ് കോളജിലും അന്വേഷണം നടത്തും. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പൽ ചുമതലയുള്ള ഡോ. ലാലിമോൾ വർഗീസിന്റെ വിശദമായ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷമാകും നേരിട്ട് ഹാജരാകാൻ വിദ്യക്കു രേഖാമൂലം നോട്ടിസ് നൽകുക.

ഈ മാസം രണ്ടിന് അട്ടപ്പാടി കോളജിൽ നടന്ന ഗസ്റ്റ് ലക്ചറർമാരുടെ മുഖാമുഖത്തിൽ പങ്കെടുത്ത വിദ്യ മഹാരാജാസ് കോളജിൽ രണ്ടുവർഷം പഠിപ്പിച്ചതിന്റെ വ്യാജരേഖയാണ് സമർപ്പിച്ചത്. മഹാരാജാസിലെ മുൻ അധ്യാപികയായ ലാലിമോൾക്ക് തോന്നിയ സംശയത്തിൽ മഹാരാജാസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് രേഖ വ്യാജമാണെന്ന് വ്യക്തമായത്.

Related News