'മാധ്യമസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ല'; കേസെടുത്തതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

  • 11/06/2023

തിരുവനന്തപുരം: പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ പറഞ്ഞു. കെഎസ്യു ഉയർത്തിയ ആരോപണം തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ വീണ്ടും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംവി ഗോവിന്ദൻ. കണ്ണൂരിൽ വെച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. 

നാടിന്റെ കണ്ണിലുണ്ണിയായ പി കെ കുഞ്ഞനന്തനെ മാധ്യമങ്ങൾ ഭീകരവാദിയായാണ് ചിത്രീകരിച്ചതെന്നു എം വി ഗോവിന്ദൻപറഞ്ഞു. മാധ്യമങ്ങൾ എന്താണ് ചെയ്തിരുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞനന്തനോടുള്ള സമീപനം. കണ്ണൂർ പാറാലിൽ പി കെ കുഞ്ഞനന്തൻ ദിനാചരണത്തിലാണ് എം വി ഗോവിന്ദന്റെ പരാമർശം. 

സർക്കാർ എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള എംവി ഗോവിന്ദന്റെ ആദ്യപ്രതികരണം. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സർക്കാരിന്റെ  മാധ്യമപ്രവർത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.

Related News