സെക്രട്ടേറിയറ്റിൽ ചോർച്ച; അറ്റകുറ്റപ്പണിയ്ക്ക് 26.20 ലക്ഷം രൂപ അനുവദിച്ചു

  • 11/06/2023

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിന്റെ മേൽക്കൂരയിൽ ചോർച്ച. മന്ത്രിമാരും വകുപ്പുസെക്രട്ടറിമാരും അടക്കമുള്ളവരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബ്ലോക്കാണിത്. ഫയലുകൾ മഴയിൽ നശിക്കാതിരിക്കാൻ ചോർച്ച പരിഹരിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകി. ചോർച്ച പരിഹരിക്കൽ അടക്കമുള്ള അറ്റകുറ്റപ്പണികൾക്ക് 26.20 ലക്ഷം രൂപയുടെ ഭരണാനുമതി ധനവകുപ്പ് നൽകി.

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെയും ഗതാഗമന്ത്രി ആന്റണി രാജുവിന്റെയും ഓഫിസ് സൗത്ത് ബ്ലോക്കിലാണ്. ചോർച്ച പരിഹരിക്കാൻ നിർമാണ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയറാണ് എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചത്. മേച്ചിൽ ഷീറ്റ് മാറ്റുന്നത് ഉൾപ്പെടെ മരാമത്ത് പണികൾ പൂർത്തിയാക്കി ചോർച്ച പരിഹരിക്കാനുള്ള നിർമാണപ്രവൃത്തികളാണ് സെക്രട്ടേറിയറ്റിന്റെ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം തയാറാക്കിയത്. കഴിഞ്ഞയാഴ്ച പൊതുഭരണ ഹൗസ് കീപ്പിങ് സെല്ലിൽനിന്ന് തുക അനുവദിച്ച് ഉത്തരവും ഇറങ്ങി.

നേരത്തേ, മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കാൻ 2.11 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. വിദേശസന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.

Related News