മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി ഹൈക്കോടതി വിലക്കി

  • 13/06/2023

കൊച്ചി: മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. മൂന്നാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിച്ച പ്രത്യേക ബെഞ്ചിന്റെതാണ് ഉത്തരവ്. മൂന്നാറിലും പരിസരപ്രദേങ്ങളിലും നിര്‍മ്മാണത്തിന് റവന്യൂവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയുടെ കര്‍ശനനടപടി.


അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് നിര്‍മ്മാണ അനുമതി വിലക്കിയത്. ഇതോടൊപ്പം മൂന്നാറിലും പരിസരത്തുമുളള ഒന്‍പത് പഞ്ചായത്തുകളെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തു. അവരുടെ കൂടി നിലപാട് അറിയും. നേരത്തെ കയ്യേറ്റങ്ങളമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ വിഷയം പ്രത്യേകമായി പഠിക്കാന്‍ ഒരു അമിക്കസ്‌ക്യൂറിയെ കോടതി നിയോഗിച്ചു. അഡ്വ. ഹരീഷ് വാസുദേവനാണ് അമിക്കസ് ക്യൂറി. മൂന്നാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനം നടത്താനായി അനുയോജ്യമായ ഒരു സമിതിയെ നിര്‍ദേശിക്കുന്നതിനായി സര്‍ക്കാരിനും അമിക്കസ് ക്യൂറിക്കും കോടതി നിര്‍ദേശം നല്‍കി.

Related News