മോൻസൻ മാവുങ്കല്‍ കേസില്‍ പ്രതിയായ കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല

  • 13/06/2023

കൊച്ചി: മോൻസൻ മാവുങ്കല്‍ കേസില്‍ പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കല്‍ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേ‍ര്‍ത്തു.


കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുകയാണ്. മോൻസൻ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാൻ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. പണം എണ്ണി നല്‍കിയവരുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റ് മുമ്ബാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെ സുധാകരനെ പിന്തുണച്ചാണ് പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കല്‍ പ്രതികരിച്ചത്.

സാമ്ബത്തിക ഇടപാടുകളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ‍ഡയറി ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് മോൻസന്‍റെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, കെ സുധാകരനെതിരായ പരാതിയില്‍ പരാതിക്കാരായ അനൂപ് മുഹമ്മദും ഷമീറും ഉറച്ച്‌ നില്‍ക്കുകയാണ് മുൻ ഡിഐജി സുരന്ദ്രൻ്റെ ഭാര്യക്കും സിഐ അനന്തലാലിനും മോണ്‍സണിൻ്റെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയതിൻറെ രേഖകള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയതായും ഷമീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് കേസില്‍ മൂന്നാം പ്രതിയായിട്ടാണ് ഐജി ലക്ഷ്മണയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയാണ്. മോൻസനുമായുളള പണമിടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

Related News