പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരന്‍ ഹൈകോടതിയില്‍ മുൻകൂര്‍ ജാമ്യ ഹരജി നല്‍കി

  • 15/06/2023

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ ഹൈകോടതിയില്‍ മുൻകൂര്‍ ജാമ്യ ഹരജി നല്‍കി. സുധാകരനെതിരെ വഞ്ചനക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹരജി. പുരാവസ്തു തട്ടിപ്പ് കേസിന്‍റെ എഫ്.ഐ.ആറില്‍ തനിക്കെതിരെ ആരോപണങ്ങളില്ലായിരുന്നെന്നും .സംശയത്തിന്‍റെ പേരില്‍ 19 മാസത്തിനുശേഷമാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.


ജൂണ്‍ 14ന് കളമശ്ശേരി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളും യോഗങ്ങളും ഉള്ളതിനാല്‍ അന്ന് ഹാജരായില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്നും ഹരജിയില്‍ പറഞ്ഞു. 14ന് ഹാജരാകാനുള്ള നോട്ടീസ് 10ന് മാത്രമാണ് ലഭിക്കുന്നതെന്ന് സുധാകരൻ ഹരജിയില്‍ പറഞ്ഞു. അവിശ്വസനീയമായ കാരണങ്ങളും പൊലീസിനുമേലുള്ള രാഷ്ട്രീയ സമ്മര്‍ദവുമാണ് നോട്ടീസിന് കാരണം.

തനിക്കെതിരെ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍, ക്രിമിനല്‍ നടപടിക്രമം 41 എ പ്രകാരം നോട്ടീസ് ലഭിച്ചതിനാല്‍ പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന ആശങ്കയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. അറസ്റ്റ് ചെയ്താല്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കാനും അവഹേളിക്കാനും അന്യായമായി തടവില്‍ വെക്കാനും സാധ്യതയുണ്ട്. അതിനാല്‍, അറസ്റ്റുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Related News