കര്‍ണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം: ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

  • 16/06/2023

ബെംഗളൂരു: കര്‍ണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ - എയ്ഡഡ് - സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.


എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖത്തിന്‍റെ പകര്‍പ്പ് പതിക്കണമെന്നും നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യസമരം, ഭരണഘടനയ്ക്ക് പിന്നിലെ ആശയം എന്നിവ ജനങ്ങള്‍ പ്രത്യേകിച്ച്‌ യുവാക്കള്‍ എപ്പോഴും ഓര്‍മിക്കണമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച്‌.സി മഹാദേവപ്പ പറഞ്ഞു. അതുകൊണ്ട് ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

"രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖത്തിന്‍റെ വായന യുവാക്കളെ പ്രേരിപ്പിക്കും. ഇത്രയും മഹത്തായ ഭരണഘടനയുള്ളതിനാല്‍, നമ്മുടെ യുവാക്കള്‍ ആമുഖം നിര്‍ബന്ധമായും എല്ലാ ദിവസവും വായിക്കണം"- മന്ത്രി മഹാദേവപ്പ വിശദീകരിച്ചു.

Related News