ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായ മാന്തി; യുവതി പേവിഷ ബാധയേറ്റ് മരിച്ചു

  • 16/06/2023

തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്.  49 വയസ്സായിരുന്നു.  ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. 

ഇതോടെ ഡോക്ടർമാർ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ  നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്. സ്ത്രീ നായയിൽ നിന്ന് പരിക്കേറ്റപ്പോൾ ചികിത്സ തേടിയോ എന്നതിൽ വ്യക്തതയില്ല. കാട്ടുപൂച്ചയുടെ കടിയിൽ നിന്ന് പേവിഷബാധയേറ്റുള്ള മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹത്തിന് മുഖത്ത് കടിയേറ്റത്. തുടർന്ന് പേവിഷ പ്രതിരോധ വാക്‌സീൻ എടുത്തിരുന്നു. 

എന്നാൽ പേവിഷ ലക്ഷണങ്ങളോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് തിരുവനനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 14 നാണ് മരണം സംഭവിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ രക്ത -സ്രവ പരിശോധന പാലോട് എസ്‌ഐഎഡിയിൽ നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡി. കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധക്ക് അയച്ചത്.

Related News