വിദ്യ 12-ാം ദിവസവും ഒളിവിൽ; കണ്ടുപിടിക്കാനാകാതെ പൊലീസ്

  • 16/06/2023

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യ12-ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി അഗളി പൊലീസ് അറിയിച്ചു. വടക്കൻ കേരളത്തിൽ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇതിനിടെ കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പിഎച്ച്ഡി പ്രവേശന വിവാദങ്ങൾക്കിടെ ഇന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയോഗം ചേരുന്നുണ്ട്.

അതേസമയം തനിക്കെതിരെ സൈബർ ആക്രമണമെന്ന മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പ്രഫ. വിനോദ് കുമാർ കല്ലോലിക്കലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വിനോദ്കുമാർ കൊച്ചി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി സെൻട്രൽ സ്റ്റേഷനു കൈമാറുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

Related News