കുപ്രസിദ്ധ കുറ്റവാളി പൂമ്ബാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

  • 17/06/2023

തൃശൂര്‍; നൂറിലേറെ കേസുകളില്‍ പ്രതി കുപ്രസിദ്ധ കുറ്റവാളി പൂമ്ബാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകൻ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചത്.


സിനി ഗോപകുമാര്‍ എന്ന പൂമ്ബാറ്റ സിനി ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇവിടെ നിന്ന് തന്നെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ്.

വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്നും പറഞ്ഞാണ് ഇവര്‍ ആളുകളെ വലയിലാക്കിയിരുന്നു. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. അതിനു ശേഷം പല കള്ളക്കഥകളും പറഞ്ഞു ഇരകളെ വിശ്വസിപ്പിക്കും. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോള്‍ പറയുക. മറ്റു ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും.

താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നല്‍കി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങള്‍. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകള്‍ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ അരൂര്‍, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗണ്‍ സൗത്ത്, എറണാകുളം സെൻട്രല്‍, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂര്‍ പുതുക്കാട്, കൊടകര, മാള, ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്ബതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍മാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.

Related News