എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി: കോളേജ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം

  • 17/06/2023

ആലപ്പുഴ: കായംകുളത്തെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്‌മെന്റ് മറച്ചുവച്ചുവെന്നും ആർടിഐ വഴി ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ലെന്നുമാണ് കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും ആരോപണം. 

നിഖിൽ തോമസ് എംകോമിന് ചേർന്ന്ത് മാനേജ്‌മെന്റ് സീറ്റിലാണെന്നും ഇവർ പറയുന്നു. കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്‌മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം ആദ്യമാണ് നിഖിൽ തോമസിന്റെ ബിരുദ വിവരങ്ങൾ തേടി കോളേജിലെ എംഎസ്എഫും കെഎസ്യുവും വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞാണ് ആദ്യത്തെ അപേക്ഷ തള്ളിയത്.

പിന്നാലെ വീണ്ടും അപേക്ഷ നൽകിയപ്പോൾ നിഖിൽ തോമസിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ ഇതും നിഷേധിക്കുകയായിരുന്നു. ഇതെ കോളേജിലാണ് 2017 -20 ൽ നിഖിൽ ബികോം പഠിച്ചത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്,  പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

Related News