വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയി, പരാതി

  • 19/06/2023

തിരുവനന്തപുരം: വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയതായി പരാതി.വരന്റെ പിതാവാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ ബലമായി കായംകുളം പൊലീസ് കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.


കായംകുളം സ്വദേശിനി ആല്‍ഫിയയെ ആണ്, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വിവാഹ വേദിയില്‍നിന്ന് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി ആല്‍ഫിയ പ്രണയത്തിലായിരുന്നു. ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ സാന്നിധ്യത്തില്‍ 16-ാം തീയതി നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയില്‍ നിന്ന് പിൻമാറി. ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ മാടൻ തമ്ബുരാൻ ക്ഷേത്രത്തില്‍ വച്ച്‌ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.

ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ സ്ഥലത്തെത്തിയ കായംകുളം പൊലീസ് യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോയി. ആല്‍ഫിയയെ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍വച്ച്‌ ആല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെങ്കിലും പൊലീസ് വഴങ്ങിയില്ല.

ബലം പ്രയോഗിച്ച്‌ യുവതിയെ കായംകുളത്തേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കായംകുളത്തെത്തിച്ച ആല്‍ഫിയയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. അഖിലിനൊപ്പം പോകണമെന്ന് അല്‍ഫിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ഇഷ്ടാനുസരണം വരനോടൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.

Related News