തെരുവുനായ ആക്രമണ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ, അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും

  • 20/06/2023

ദില്ലി: കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം  ദ്യശ്യങ്ങളും സമർപ്പിച്ചു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ  തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കെറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും  തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.  ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിലാണ് 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ചു കൊന്നത്. സംഭവത്തിൻറെ  പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജ്ജിതമാക്കും എന്ന് ജില്ലാപഞ്ചത്തത് അധികൃതർ അറിയിച്ചു.

Related News