നിഖിൽ തോമസിന്റെ പ്രവേശനം; കോളേജ് വിശദീകരണത്തിൽ സർവ്വകലാശാലക്ക് അതൃപ്തി

  • 21/06/2023

തിരുവനന്തപുരം: നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച എംഎസ്എം കോളേജിന്റെ വിശദീകരണത്തിൽ കേരള സർവ്വകലാശാലക്ക് അതൃപ്തി. വീണ്ടും വിശദീകരണം ചോദിക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം. വീഴ്ച്ച സമ്മതിക്കാതെയായിരുന്നു വിഷയത്തിലെ കോളേജിന്റെ വിശദീകരണം. ഇതിനിടെ നിഖിൽ തോമസിന്റെ എം കോം രജിസ്ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി. കലിംഗ സർവകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ കാണാൻ തിരുവനന്തപുരത്തേക്ക് ഒപ്പം പോയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

എസ്എഫ്ഐ നേതാക്കളെ കണ്ട് തൊട്ടുപിന്നാലെ നിഖിൽ മുങ്ങിയത് സംഘടനയേയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിഖിലിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഒളിത്താവളം കണ്ടെത്തുകയാണ് ലക്ഷ്യം.

Related News