എംജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

  • 23/06/2023

കോട്ടയം: എംജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗര്‍ എസ് എച്ച്‌ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് സര്‍വകലാശാലയില്‍ എത്തി വിശദമായ പരിശോധനയും മൊഴിയെടുക്കലും നടത്തും. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ നിന്ന് കണ്ടെടുക്കാൻ കഴിയാത്തതിലാണ്


രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയത്. അക്കാദമിക് ജോയിന്റ് രജിസ്ട്രാര്‍ ഹരി .പി .യുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. 54 പി.ജി സര്‍ട്ടിഫിക്കറ്റുകളാണ് സര്‍വകലാശാല പരീക്ഷാവിഭാഗത്തില്‍നിന്ന് കാണാതായത്. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായതില്‍ മുൻ സെക്ഷൻ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷൻ ഓഫീസറെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന സമരം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റു സെക്ഷനുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രജിസ്ട്രാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related News