സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി പ്രവർത്തകർ, തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

  • 23/06/2023

തിരുവനന്തപുരം : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നാളെ കോൺഗ്രസ് കരി ദിനം ആചരിക്കും.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് ഏകാധിപത്യ നടപടിയെന്ന് എഐസിസി ആരോപിച്ചു. ദേശീയ തലത്തിൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുമ്പോൾ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും കുറ്റപ്പെടുത്തി. പാറ്റ്‌നയിൽ പ്രതിപക്ഷ സഖ്യ ചർച്ചയുണ്ടായ ദിവസം തന്നെ കെപിസിസി പ്രസിഡൻറിനെ അറസ്റ്റ് ചെയ്തത് ബിജെപിയെ സുഖിപ്പിക്കാനെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പ്രതികാര രാഷ്ട്രീയം സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു. സിപിഎമ്മിൻറെ തെറ്റായ നടപടികൾക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നൽകുമെന്നും എഐസിസിയും ട്വീറ്റ് ചെയ്തു.

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ടി സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ റോഡ് ഉപരോധിച്ചു. പഴയ സ്റ്റാൻഡിനു സമീപം ദേശീയപാതയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. സുധാകരനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ തെരുവിൽ നേരിടുമെന്നും സിദ്ദീഖ്  വ്യക്തമാക്കി. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളം പിറവത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ബ്‌ളോക്ക് സെക്രട്ടറി ഏലിയാസ് ഈനാകുളം, ഏൽദോ ചാക്കോ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  

സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെഎസ്.യുവും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് പ്രകടനം നടത്തിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേക്ക് പ്രകടനം നടത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ എംജി റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധത്തിന് ഭാഗമായി റോഡിൽ ടയർ കത്തിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി.

Related News