വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

  • 24/06/2023

പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാർക്കാട് കോടതി വ്യക്തമാക്കി. കേരളം വിട്ട് പോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിദ്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. 3 ദിവസം കഴിഞ്ഞ് ഹാജരാകാനാണ് നീലേശ്വരം പൊലീസ് നൽകിയ നിർദേശം. 

താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു വ്യാജ രേഖാ കേസിലെ ജാമ്യാപേക്ഷയിൽ കെ വിദ്യ കോടതിയിൽ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയ തനിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും വിദ്യ കോടതിയിൽ വാദിച്ചു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ കസ്റ്റഡിയിൽ വെച്ച് പൊലീസിനോട് സമ്മതിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോണിൽ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോൾ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. സർട്ടിഫിക്കറ്റിന്റെ ഒറിജനൽ അന്യായക്കാരിയുടെ കയ്യിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സീൽ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോൾ സീൽ ഓൺലൈനായാണ് ഉണ്ടാക്കിയതെന്നും അതുകൊണ്ട് സീൽ കണ്ടത്താൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Related News