വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യാൻ നീലേശ്വരം പൊലീസിന്റെ നോട്ടീസ്; വിദ്യ ഇന്ന് ഹാജരാകണം

  • 25/06/2023

കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ രേഖ നൽകി ഗസ്റ്റ് ലക്ചർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ സമർപ്പിച്ചിരുന്നത്. വിദ്യ ഏത് സമയത്ത് നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകുമെന്നതിൽ വ്യക്തത ഇല്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അസൗകര്യമുണ്ടെന്ന് വിദ്യ ഇതുവരെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.

മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചു. വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പോലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചു.

വ്യാജരേഖയുടെ അസ്സൽ പകർപ്പ് വിദ്യ നശിപ്പിച്ചതായാണ് പ്രോസിക്യൂഷൻ പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് പ്രിന്റെടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കോളേജിൽ നൽകി.  പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിർമ്മിക്കുകയായിരുന്നു എന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Related News