ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതെ കെ വിദ്യ

  • 25/06/2023

കാസര്‍കോട് : വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. നാളെ വൈകീട്ട് അഞ്ച് മണി വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് വിദ്യ ഇ മെയിലില്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ ഇന്നലെയാണ് നീലേശ്വരം പൊലീസ് നോട്ടീസ് നല്‍കിയത്. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ രേഖ നല്‍കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്. മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.


വ്യാജ പ്രവര്‍ത്തി പരിചയ രേഖാ കേസില്‍ അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യയ്ക്ക് ഇന്നലെ കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ രണ്ട് പേരുടെ ആള്‍ജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവര്‍ത്തിക്കരുത്. രണ്ടാഴ്ച കൂടുമ്ബോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ തുടക്കത്തില്‍ തന്നെ എതിര്‍ത്തത്.വ്യാജരേഖയുടെ അസ്സല്‍ പകര്‍പ്പ് അവര്‍ നശിപ്പിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈല്‍ ഫോണില്‍ വ്യാജ രേഖ നിര്‍മ്മിച്ച്‌ അവ അക്ഷയ സെൻ്ററിലേക്ക് മെയില്‍ അയക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പ്രിൻ്റെടുത്ത ശേഷം അതിന്റെ പകര്‍പ്പാണ് അട്ടപാടി കോളേജില്‍ നല്‍കിയത്. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോള്‍ അട്ടപ്പാടി ചുരത്തില്‍ ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിത് തന്നേക്കാള്‍ യോഗ്യത ഉള്ള ആള്‍ അഭിമുഖത്തിന് എത്തിയിരുന്നതിനാല്‍ ജോലി കിട്ടില്ലെന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിര്‍മ്മിക്കുകയായിരുന്നെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

Related News