കുവൈത്തിൽ പ്രവാസികളെ പിരിച്ചുവിടുന്നതിലും നാടുകടത്തുന്നതിലും വർധന

  • 17/07/2023

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ 10,000-ത്തിലധികം പ്രവാസി ജീവനക്കാരെ ജോലികളിൽ നിന്ന് പിരിച്ചുവിട്ടതായി കണക്കുകൾ. ഇതേ കാലയളവിൽ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ആയിരത്തിലധികം പ്രവാസികൾ ഇപ്പോൾ നാടുകടത്തൽ കേന്ദ്രത്തിലുണ്ടെന്നും അവർ ഈ മാസം നാടുകടത്തപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ അകപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്വൽ ഉത്തരവ് പ്രകാരമാണ് പ്രവാസികൾ നാടുകടത്തപ്പെടുന്നത്.

മയക്കുമരുന്ന് ഉപയോഗം, അക്രമങ്ങൾ , മോഷണങ്ങൾ, മദ്യ നിർമ്മാണം, റെസിഡൻസി കാലാവധി അവസാനിക്കൽ, രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെയാണ് നാടുകടത്തുക. നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്. ഫിലിപ്പിയൻസ്, ശ്രീലങ്ക, ഈജിപ്ത്, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിന്നാലെയുള്ളത്. അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 7,000 പേർ ഉൾപ്പെടെ 250,000 പേർ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ സർക്കാർ മേഖലയിലെ പ്രവാസികളുടെ എണ്ണം 91,000 ജീവനക്കാരണ്. അതിൽ കൂടുതലും മെഡിക്കൽ, വിദ്യാഭ്യാസ മേഖലകളിലാണ് ജോലി ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ മേഖലകളിൽ ജോലി ചെയ്യുന്ന മൂവായിരത്തിലധികം പ്രവാസി ജീവനക്കാരെ ഈ മേഖലകളിൽ നിന്ന് പിരിച്ചുവിടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുനിസിപ്പാലിറ്റി, പൊതുമരാമത്ത് മന്ത്രാലയം, ഹൗസിം​ഗ് അതോറിറ്റി, വൈദ്യുതി, ജല മന്ത്രാലയം എന്നിവയും വർഷത്തിന്റെ രണ്ടാം പകുതിയിൽ പിരിച്ചുവിടുന്ന പ്രവാസി ജീവനക്കാരുടെ പേരുകൾ പ്രഖ്യാപിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News