മണിപ്പൂർ സംഘർഷം: പ്രതിപക്ഷസഖ്യം ഇന്ന് രാഷ്ട്രപതിയെ കാണും

  • 01/08/2023

മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാർ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറും. കലാപം നേരിടുന്നതിൽ സംസ്ഥാന, കേന്ദ്രസർക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ തേടും.

അതേസമയം മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്. സഭ മറ്റ് നടപടികൾ ഉപേക്ഷിച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണം എന്നാണ് ആവശ്യം. അതേസമയം അവിശ്വാസപ്രമേയ അവതരണത്തിന് മുൻപ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. 

ഇന്ന് ലോകസഭ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലും രാജ്യസഭ വന സംരക്ഷണ ഭേഭഗതി ഉൾപ്പടെയുള്ള 3 ബില്ലുകളും പരിഗണിക്കും. ഡൽഹിയിലെ അധികാരത്തർക്കത്തിൽ കെജ്രിവാൾ സർക്കാരിന് സുപ്രിംകോടതി നൽകിയ അനുകൂലവിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്സഭയിൽ ഇന്നലെയാണ് അവതരിപ്പിച്ചത്.

Related News