ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്കാരം മാറ്റിവെച്ച്‌ കുക്കി സംഘടനകള്‍

  • 03/08/2023

ചുരാചന്ദ്പൂര്‍: മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്കാരം മാറ്റിവെച്ച്‌ കുക്കി സംഘടനകള്‍. സംസ്കാരചടങ്ങുകള്‍ ഒരാഴ്ചത്തേക്ക് കോടതി തടഞ്ഞതോടെയാണ് തീരുമാനം. ഇതിനിടെ ഇംഫാല്‍ വെസ്റ്റിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. 160 ലേറെപ്പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപത്തില്‍ 129 പേര്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ളവരാണ്.


കലാപം തുടങ്ങി 90ാം ദിവസവും മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സ്ഥിതിയാണ് മേഖലയിലുള്ളത്. മേയ് 3 മുതല്‍ കൊല്ലപ്പെട്ട 35 കുക്കി വംശജരുടെ കൂട്ട ശവസംസ്‌കാരം ഇന്ന് നടത്താനിരുന്നതായിരുന്നു. മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെ ബൊല്‍ജാങിലെ പീസ് ഗ്രൌണ്ടിലാണ് ചടങ്ങുകള്‍ നടത്തിനിരുന്നത്. രാവിലെ ഏഴ് മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകളും തുടങ്ങി. എന്നാല്‍ സംസ്കാരം മെയ്തെയ് സംഘടനകള്‍ ചടങ്ങ് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവിടെ സുരക്ഷ കൂട്ടിയിരുന്നു. ഇതിനിടെയാണ് മറ്റൊരു മെയ്തെയ് സംഘടന മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജിയില്‍ പുലര്‍ച്ച ആറ് മണിക്ക് വാദം കേട്ട കോടതി ചടങ്ങുകള്‍ ഒരാഴ്ച്ചത്തേക്ക് തടഞ്ഞു. തല്‍സ്ഥിതി തുടരാൻ ഉത്തരവിട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച്‌ പ്രശ്നം പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്കാരം മാറ്റിവെച്ചെന്ന് കുക്കി സംഘടന അറിയിച്ചു. പുലര്‍ച്ചെ 5 മണിയോടെയാണ് ഇംഫാല്‍ വെസ്റ്റിലെ സെൻജാം ചിരാംഗില്‍ വെടിവെപ്പുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരു പൊലീസുകാരന് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. മെയ് മാസം 3ാം തിയതിയാണ് മണിപ്പൂരില്‍ കലാപം ആരംഭിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ പുറത്താക്കി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും വരെ സംസ്കാരം നടത്തില്ലെന്നായിരുന്നു നേരത്തെ കുക്കി സംഘടനകള്‍ പ്രതികരിച്ചിരുന്നത്.

Related News