തുടര്‍ച്ചയായ സഭാസ്തംഭനം; സ്പീക്കര്‍ ഓം ബിര്‍ല ഇന്നും ലോക്‌സഭയില്‍ എത്തിയില്ല

  • 03/08/2023

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സഭാസ്തംഭനത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ ഇറങ്ങിപ്പോയ സ്പീക്കര്‍ ഓം ബിര്‍ല ഇന്നും ലോക്‌സഭയില്‍ എത്തിയില്ല. പകരം രാജേന്ദ്ര അഗര്‍വാള്‍ ആണ് സഭ നിയന്ത്രിച്ചത്. സ്പീക്കര്‍ സഭയിലേക്ക് തിരികെ വരണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.


സ്പീക്കറാണ് സഭാ നാഥന്‍. പ്രതിഷേധിച്ച്‌ സഭയില്‍ വരാതിരിക്കരുതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ ഓം ബിര്‍ലയെ അറിയിക്കാമെന്ന് രാജേന്ദ്ര അഗര്‍വാള്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവെച്ചു.

സഭയുടെ അന്തസ്സിന് അനുസരിച്ച്‌ എംപിമാര്‍ പെരുമാറുന്നതുവരെ സഭയില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സ്പീക്കര്‍ ഓം ബിര്‍ല കഴിഞ്ഞദിവസം അറിയിച്ചത്. അംഗങ്ങള്‍ അന്തസ്സായി പെരുമാറാതെ ഇനി സഭയിലേക്കില്ല. തുടര്‍ച്ചയായ ബഹളത്തില്‍ ഭരണ- പ്രതിപക്ഷങ്ങളെ ഓം ബിര്‍ല അതൃപ്തി അറിയിച്ചു. സ്പീക്കര്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സഭാധ്യക്ഷന്‍റെ പാനലിലെ മറ്റുള്ളവരാണ് ചെയറിലിരുന്ന് ബുധനാഴ്ച നടപടികള്‍ നിയന്ത്രിച്ചത്.

Related News