മണിപ്പൂരില്‍ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു; അടുത്ത വെള്ളിയാഴ്ച ചര്‍ച്ച ആവാമെന്ന് അമിത് ഷാ

  • 03/08/2023

ദില്ലി: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാല്‍ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആര്‍ബി ക്യാമ്ബില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചെന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.


അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടുത്ത വെള്ളിയാഴ്ച ചര്‍ച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിന് മുമ്ബ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോഗം ചേരും. ചട്ടം 167 പ്രകാരം പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലൂള്ള ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ തയ്യാറായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചര്‍ച്ച വേണം എന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകും എന്നാണ് നേതാക്കള്‍ സൂചന നല്‍കിയത്. ഒത്തുതീര്‍പ്പുണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ടായിരുന്നു. ദില്ലി ഓ‍ഡിനൻസിന് പകരമുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ വയ്ക്കും. ബില്ല് ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു.

Related News