ഇത് ആഹ്ളാദത്തിന്റെ ദിനം, ജനാധിപത്യവും ഭരണഘടനയും വിജയം നേടി; മല്ലികാര്‍ജുൻ ഖാര്‍ഗെ

  • 04/08/2023

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളില്‍ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായെന്നും ശിക്ഷ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നസ്ഥിതിയ്ക്ക് എത്ര സമയത്തിനുള്ളില്‍ രാഹുലിന്റെ പാര്‍ലമെന്റംഗത്വം തിരികെ നല്‍കുമെന്ന് നോക്കാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.


രാഹുലിന് അനുകൂലമായുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ഇത് ആഹ്ളാദത്തിന്റെ ദിനമാണെന്നും ജനാധിപത്യവും ഭരണഘടനയും വിജയം നേടിയതായും സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടന ഇപ്പോഴും സജീവമാണെന്നും ഏതൊരാള്‍ക്കും നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതി വിധിയെന്നും ഖാര്‍ഗെ പറഞ്ഞു. "സാധാരണജനതയുടെ വിജയമാണിത്, ഇത് രാഹുലിന്റെ മാത്രം വിജയമല്ല, രാജ്യത്തെ ജനങ്ങളുടെ വിജയമാണ്, ജനാധിപത്യത്തിന്റേയും ജനാധിപത്യമൂല്യങ്ങളുടേയും വിജയമാണ്", അദ്ദേഹം പറഞ്ഞു.

"സത്യത്തിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും യുവജനതയ്ക്കുവേണ്ടിയും പോരാടുന്ന ഒരാള്‍, ജനങ്ങളെ ബോധവത്കരിച്ച ഒരു വ്യക്തി, വിവിധ തലങ്ങളിലുള്ള ജനങ്ങളെ നേരിട്ടുകാണാനായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 4,000 കിലോമീറ്ററോളം പദയാത്ര നടത്തി. ആ ജനങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്കൊപ്പമുണ്ട്, അതിനാല്‍ ഇത് ജനങ്ങളുടെ വിജയമാണ്", ഖാര്‍ഗെ തുടര്‍ന്നു. "24 മണിക്കൂറിനുള്ളില്‍ രാഹുലിനെ അയോഗ്യനാക്കിയിരുന്നു, ആ അയോഗ്യത പിൻവലിക്കാൻ എത്ര മണിക്കൂര്‍ വേണ്ടി വരുമെന്ന് നമുക്ക് നോക്കാം", ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Related News