ലൈംഗികതാല്‍പര്യം അറിയിച്ചെന്ന പേരില്‍ എല്‍.ജി.ബി.ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

  • 04/08/2023

ന്യൂഡല്‍ഹി: ലൈംഗികതാല്‍പര്യം അറിയിച്ചെന്ന പേരില്‍ എല്‍.ജി.ബി.ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. സംഭവത്തില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ ശശാങ്ക് സിങ്(27) പൊലീസിന്റെ പിടിയിലായി.


കഴിഞ്ഞ ജൂലൈ ഒൻപതിന് ഡല്‍ഹിയിലെ ദ്വാരകയിലാണു സംഭവം. 32 വയസുള്ള എല്‍.ജി.ബി.ടി യുവാവിനെ കാണാതായതിനു പിന്നാലെ പിതാവിന് ഒരു അജ്ഞാത കോള്‍ ലഭിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും തിരിച്ചുലഭിക്കണമെങ്കില്‍ 20 ലക്ഷം നല്‍കണമെന്നുമാണ് ഫോണില്‍ ആവശ്യപ്പെട്ടിരുന്നത്. വിലപേശലിനൊടുവില്‍ 15 ലക്ഷം നല്‍കാമെന്നു കുടുംബം സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് അംബേദ്ക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് ശശാങ്കും യുവാവും തമ്മിലുള്ള ബന്ധവും കൊലപാതകവുമെല്ലാം പുറത്തുവരുന്നത്. പ്രതിയെ അധികം വൈകാതെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതിയെ ചോദ്യംചെയ്തതില്‍ നിന്നാണു കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്.

കഴിഞ്ഞ ജൂണ്‍ 20ന് ഒരു പാര്‍ട്ടിയില്‍ വച്ചാണ് ശശാങ്കും ഇരയും തമ്മില്‍ ആദ്യമായി കാണുന്നത്. ഇതിനുശേഷം ഇരുവരും ആറു തവണ നേരില്‍ കണ്ടു. അങ്ങനെയാണ് ജൂലൈ ഒൻപതിന് സൗത്ത് ഡല്‍ഹിയിലെ മൂല്‍ചന്ദില്‍ വച്ച്‌ കാണാൻ ഇരുവരും തീരുമാനിച്ചത്. ഇവിടെവച്ച്‌ കണ്ടുമുട്ടിയ ശേഷം ശശാങ്കിന്റെ കാറില്‍ ദ്വാരകയിലെത്തി. ദ്വാരകയില്‍ ഒരു മാളില്‍നിന്ന് ബിയര്‍ വാങ്ങി സെക്ടര്‍ 14ലെ ഒഴിഞ്ഞ സ്ഥലത്തേക്കു പോയി. ഇവിടെ വച്ചാണ് ലൈംഗിക വിഷയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

തര്‍ക്കത്തിനിടെ ശശാങ്ക് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കാറിലായിരുന്നു കൃത്യം. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സെക്ടര്‍ 14 ബിയിലെ അഴുക്കുചാലില്‍ തള്ളുകയും ചെയ്തു. പിന്നീട് യമുന നദിയിലെത്തി കാര്‍ കഴുകി വൃത്തിയാക്കി. ബിഹാറിലെ സുഹൃത്തില്‍നിന്നു ലഭിച്ച തോക്ക് നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. നോയ്ഡയിലെ എ.ടി.എമ്മില്‍നിന്ന് ഇരയുടെ അക്കൗണ്ടില്‍നിന്ന് ശശാങ്ക് 27,000 രൂപ പിൻവലിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

ലൈംഗിക താല്‍പര്യം അറിയിച്ചതാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രതി പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Related News