സ്പീക്കറുടെ ഒഴിഞ്ഞുമാറ്റം, രാഹുൽ ലോക്‌സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമം; ആരോപണവുമായി കോൺഗ്രസ്

  • 05/08/2023

ദില്ലി : രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണനുമായി കോൺഗ്രസ്. ലോക്‌സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കർക്ക് നൽകാനും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. രാഹുൽ പാർലമെന്റിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായാണ് കോൺഗ്രസ് ആരോപണം. 

ഇന്നലെയാണ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവിട്ടത്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന് കിട്ടിയ രാഷ്ട്രീയ ഊർജമായാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുന്നത്. 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാർട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്. 2024ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നൽകിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൽ തർക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുൽ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്. ദില്ലിയിലെ വീട് ഒഴിയാനുള്ള നിർദ്ദേശം രാഹുൽ ഉടൻ അംഗീകരിച്ചു. അയോഗ്യനായിരിക്കുമ്പോഴാണ് രാഹുൽ കർണ്ണാടകയിൽ പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുത്തത്. അവിടെ പാർട്ടി നേടിയ വിജയത്തിനു ശേഷവും രാഹുൽ അയോഗ്യനായിരിക്കുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്രെ ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

Related News