റിലേ മത്സരത്തില്‍ പങ്കെടുത്ത് മിനിറ്റുകള്‍ക്കുള്ളിൽ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

  • 05/08/2023

ബംഗളൂരു: കര്‍ണാടകയില്‍ 15കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേലധര റൂറല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഭീമശങ്കറാണ് വ്യാഴാഴ്ച കുഴഞ്ഞുവീണത്. ഇന്റര്‍ സ്‌കൂള്‍ മീറ്റില്‍ റിലേ മത്സരത്തില്‍ പങ്കെടുത്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വിദ്യാര്‍ഥി കുഴഞ്ഞുവീണത്.


ഭീമശങ്കര്‍ ഉള്‍പ്പെടുന്ന 12 അംഗ സംഘമായിരുന്നു സ്കൂളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാൻ പോയത്. 5.45നായിരുന്നു മത്സരം. 4*100 റിലേ മത്സരത്തില്‍ പങ്കെടുത്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഭീമശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സരത്തില്‍ തങ്ങളുടെ സ്കൂള്‍ രണ്ടാം സ്ഥാനമായതില്‍ ഭീമശങ്കറിന് നിരാശയുണ്ടായിരുന്നു. ആറ് മണിയോടെ സംഘം സ്കൂളിലേക്ക് മടങ്ങുന്നതിനായി വാഹനത്തില്‍ കയറുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീഴുകയായിരുന്നെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ നാഗരാജു പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related News