രാഹുല്‍ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ നല്‍കുന്നതില്‍ സമ്മര്‍ദം ശക്തമാക്കി കോണ്‍ഗ്രസ്

  • 05/08/2023

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ നല്‍കുന്നതില്‍ കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കി. തിങ്കളാഴ്ച നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കും. ലോക്സഭാ സെക്രട്ടറിയേറ്റാണ് അംഗത്വം പുനഃസ്ഥാപിച്ചു ഉത്തരവിറക്കേണ്ടത്. സൂറത്ത് സെഷൻ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ്, ലോക്സഭാംഗത്വം തിരികെ നേടിയെടുക്കാൻ കോണ്‍ഗ്രസ് സര്‍വ ശക്തിയും ഉപയോഗിക്കുന്നത്.


21 -ാം തീയതിയാണ് അപ്പീലില്‍ കോടതി നടപടി തുടങ്ങുക. സെഷൻ കോടതിയില്‍ തിരിച്ചടി ഉണ്ടായാല്‍ നിലവില്‍ സുപ്രിംകോടതിയില്‍ നിന്നും ലഭിച്ച സ്റ്റേ ആനുകൂല്യം ഇല്ലാതാകും. തിങ്കളാഴ്ച തന്നെ ലോക്സഭയില്‍ തിരിച്ചെത്താൻ കഴിഞ്ഞാല്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ കഴിയും.

മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് കണ്ട അനുഭവങ്ങളും,സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനെ കുറച്ചും രഹുല്‍ഗാന്ധി സംസാരിക്കും. ലോക് സഭയില്‍ അംഗത്വം നല്‍കാൻ വൈകിയാല്‍ പ്രത്യേക അനുമതി ഹരജിയിലൂടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം. സ്റ്റേ നല്‍കിയ സുപ്രിംകോടതി രേഖകള്‍ സ്പീക്കര്‍ നേരിട്ട് കൈപ്പറ്റാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി.

Related News