പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 06/08/2023

ദില്ലി: പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖ‍ര്‍ഗെ സ്പീക്കറെ അറിയിക്കും.


ഇന്നലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയെ കാണാൻ സ്പീക്കര്‍ തയ്യാറായിരുന്നില്ല. നാളെ രാവിലെ വരെ തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചര്‍ച്ചയിലെ പ്രസംഗം നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാര്‍ലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാര്‍ട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്. 2024 ല്‍ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോണ്‍ഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ നല്‍കിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുല്‍ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്.

Related News